Sunday, 25 October 2009

ഒറ്റക്കയ്യന്‍

ഇന്ന് കണ്ണില്‍പ്പെട്ടത് ഒരു വിചിത്രമായ കഥയാണ്.
ഒരു അറുകൊലക്കഥ
കഥയുടെ ആദ്യ ഭാഗത്ത് ചെത്തുകാരന്‍ ദാസപ്പനേയും,
അവസാനം ഒരു കഥാകൃത്തിന്റെ സുഹൃത്തിനേയും,
കൊണ്ടുപോയ അറുകൊല
ഒറ്റക്കയ്യന്‍ അറുകൊല

കഥ കുഴപ്പമില്ല, എന്നാല്‍ സമഗ്രമല്ല
പലകാര്യങ്ങളിലൂടെ പന്തലിക്കുമ്പോള്‍ കഥയുടെ മൂര്‍ച്ച നഷ്ടപ്പെടുന്നു

വിവിധഭാവങ്ങള്‍ മാറിമാറി വരുമ്പോള്‍
അടിസ്ഥാന ഭാവത്തിനു സംഭവിക്കുന്ന ബലക്കുറവ് ഈ ബ്ലോഗില്‍ കാണാം
എങ്കിലും ആശയം നന്നായിരിക്കുന്നു.
ഇമ്മാതിരി അറുകൊലകള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളം ഉണ്ട്

കഥവായിച്ചുതീരുമ്പോള്‍
ട്യൂഷന്‍ മാസ്റ്ററുടെ മനസ്സിലെ ഭാവം വായനക്കാരന്റേയും മനസ്സില്‍ ഉളവാകുന്നു
ചെറിയ ഒരുവിഷമം വായനക്കുശേഷവും നിലനില്‍ക്കുന്നു

അതുകൊണ്ട് ഈ ബ്ലോഗിനു ഞാന്‍
നൂറില്‍ അറുപത് മാര്‍ക്ക് നല്‍കുന്നു

Wednesday, 26 August 2009

സ്വപ്നങ്ങളിലൂടെ

ഇന്നുവായിച്ച ബ്ലോഗില്‍ മുഴുവനും സ്വപ്നങ്ങളായിരുന്നു
ഒരു ദുസ്വപ്ന വര്‍ണ്ണനയോടെ യാണു തുടക്കം
പിന്നെ പകല്‍ക്കിനാവുകളാണ്.
ആണുങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യാന്‍ എല്ലാ സ്ത്രീകളിലും ഉള്ള
അമര്‍ത്തിവെയ്ക്കപ്പെട്ട ആഗ്രഹം
ഇവിടെ മറനീക്കി പുറത്തുവരുന്നു
പകല്‍ക്കിനാവ്
എന്നവാക്കിനു പകലുറക്കം എന്നുമാത്രമേ ശബ്ദതാരാവലിയില്‍ അര്‍ത്ഥം ഉള്ളൂ എന്നാല്‍ പലരും വിചാരിക്കുന്നത് പകല്‍ കാണുന്ന സ്വപ്നം എന്നാണ്.
കുളിയും തേവാരവും എന്നതിലെ തേവാരം എന്നതിന്റെ അര്‍ത്ഥം
എന്റെ പലകുട്ടികളും എഴുതിയത് കുളിയെന്നാണ്.
അതുപോലെ ഒരു തെറ്റ്
സാരമില്ല ക്ഷമിക്കാവുന്നതേ ഉള്ളൂ
പിന്നെയാണു രാത്രിസ്വപ്നങ്ങളേപ്പറ്റിയുള്ള വിവരണം
ഒരു സാഹിത്യം എന്ന രീതിയില്‍ അത് അതിമനോഹരമാണ്.
എന്നാല്‍ അതില്‍ ഞാന്‍ എന്ന് ഉപയോഗിച്ചിരിക്കുന്നതുവച്ച് വിലയിരുത്തുമ്പോള്‍ അസ്വാഭാവികം അവിശ്വസനീയം എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ തോന്നുന്നു
പിന്നെ സ്വപ്നങ്ങളിലൂടെ വന്ന് സംസാരിക്കുന്ന കത്തുകള്‍
അവസാനം സത്യമായി മാറിയ ഒരു ദുസ്വപ്നം
ആ ഭാഗം അതിമനോഹരമായിരിക്കുന്നു
പ്രത്യേകിച്ചും
മഴവില്ലിന്റെ നിറമുള്ള പകല്‍ക്കിനാവുകളിലേക്ക് വാതായനം തുറന്നുവെച്ചു
ആ ദുസ്വപ്നം
എന്നപ്രയോഗം
സ്വപ്നങ്ങള്‍ ധാരാളം കാണുക
അവ ഓര്‍ത്തിരിക്കുക എന്ന പ്രതിഭാസത്തേപ്പറ്റി
ഞാന്‍ ഏതോ മനശാസ്ത്ര ഗ്രന്ഥത്തില്‍ വായിച്ചിട്ടുണ്ട്
സാധാരണ ആള്‍ക്കാര്‍ക്ക് അങ്ങിനെ സംഭവിക്കാറില്ല
കാണുന്നവയാകട്ടേ ഉണരുമ്പോള്‍ മറവിയില്‍ മറയുകയും ചെയ്യും
ചുരുക്കിപ്പറഞ്ഞാല്‍
ഈ ബ്ലോഗില്‍ അവിശ്വസനീയത തുളുമ്പുന്നുണ്ടെങ്കിലും
ഒരു ഭാവനാ ശ്രുഷ്ടി എന്നനിലയില്‍
തീര്‍ച്ചയായും
അതിമനോഹരമായിരിക്കുന്നു.

Saturday, 27 June 2009

എല്ലാവരും എത്തുന്നിടം !!

എന്റെ ഈ ബ്ലോഗിന്റെ അടിസ്ഥാന ലക്ഷ്യം തന്നേ
വായിക്കുന്നബ്ലോഗുകളുടെ കമന്റ്
ബ്ലോഗിന്റെ പേരുപറയാതെ ഇടുക എന്നതാണ്.
അഭിനന്ദനം മാത്രം പ്രതീക്ഷിച്ച് ബ്ലോഗുകള്‍ എഴുതുകയും
വിമര്‍ശനം എഴുതുന്നവരേ ആഭാസന്മാരായി കരുതി
മറുപടി കമന്റ് ഇടുകയും ചെയ്യുന്ന എഴുത്തുകാരെ
എന്നേ തല്ലെണ്ടെന്റെ അമ്മാവാ ഞാന്‍ നന്നാകുകേല
എന്നു പറയുന്നവരുടെ ഗണത്തില്‍പ്പെടുത്തിചിന്തിച്ച്
എടുത്ത തീരുമാനമാണത്
അവരുടെ പവിത്രമായ ബ്ലോഗിന്റെ ഭിത്തിയില്‍
ചെളിതെറിപ്പിക്കാതെ സൂക്ഷിക്കുക എന്ന
ജെന്റില്‍മാന്‍സ് വഴി സ്വീകരിച്ചാണീ ബ്ലോഗില്‍
കമന്റുകള്‍ എഴുതുവാന്‍ തുടങ്ങിയത്
എന്നാല്‍ ഇന്ന് കണ്ട ഒരു ബ്ലോഗ്
എന്നേ വളരെയധികം ചിന്തിപ്പിച്ചു
ഒരുപാട് ഹോം വര്‍ക്ക് ചെയ്ത് തയ്യാറാക്കിയ ഒരു ബ്ലോഗ്
ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു ബ്ലോഗ്
അഭിനന്ദനം പ്രകടിപ്പിക്കാന്‍
എനിക്ക് ചെയ്യുവാന്‍ കഴിയുന്നത്
കൂടുതല്‍ ആളുകളേ ആ ബ്ലോഗിനെപ്പറ്റി അറിയിക്കുവാന്‍
അതിലേക്ക് ഒരുലിങ്ക് ഇടുക എന്നതാണെന്ന്
എനിക്ക് തോന്നുന്നു
മനോഹരമായ, ചിന്തിപ്പിക്കുന്ന
ഈ ബ്ലോഗ് തയാറാക്കിയ കലാകാരനു
എന്റെ അഭിനന്ദനങ്ങള്‍ !!

Thursday, 12 February 2009

തൂവല്‍സ്പര്‍ശം

"പിന്നീടുള്ള ദിനങ്ങള്‍. ഞാന്‍ കാണുന്ന എന്തിലും ഏതിലും സൌങര്യം.
ഹൃദയം നിറഞ്ഞിരിക്കുന്ന ഒരവസ്ഥ.
ഒറ്റക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടം.
രാത്രിയില്‍ ഉറങ്ങാതെ ആകാശത്തു നോക്കി കിടക്കാന്‍ ഭയങ്കര രസം.
അതിനായി രാത്രിയില്‍ പലതവണ അലാം വെച്ചെഴുന്നേല്‍ക്കും.
എന്നിട്ട് ഞാനും മീരയുമായി സങ്കല്പങ്ങളില്‍ പ്രണയിച്ചു നടക്കും.
എന്റെ പ്രണയം മീരയെ അറിയിക്കുന്നതും
അവള്‍ നാണം കൊണ്ട് ഓടി മറയുന്നതും
ഞാന്‍ മനക്കണ്ണില്‍ കണ്ടു.

മൊബൈലും സൌകര്യങ്ങളും ഒന്നുമില്ലെങ്കിലും
അടുത്തയാഴചയില്‍ ജേക്കബ് ഒരുക്കിത്തരുന്ന അവസരം വരെ
എന്റെ സങ്കല്പലോകത്ത് ഞാന്‍ രാജകുമാരനായി പാറിനടന്നു.
എത്ര മനോഹരമാണീ പ്രണയം,
ഇതിലും നല്ല വേറെ എന്തു ഫീലിങാണ് ഈ ലോകത്തുള്ളത്? "

ഇന്നുവായിച്ച ഈ ബ്ലോഗില്‍
പ്രണയത്തിന്റെ ഉന്മാദം നിറഞ്ഞുനില്‍ക്കുന്നു

ഹൃദയഹാരിയായ വിവരണം
മലരമ്പേറ്റുപ്രകൃതി പൂത്തുലഞ്ഞ് നില്‍ക്കുന്ന അനുഭൂതി

നന്നായിരിക്കുന്നു!

Wednesday, 11 February 2009

ഓര്‍മ്മയില്‍ ഉണ്ടായിരിക്കേണ്ടത്

"എന്നാലും അമ്മയുടെ പരാതികള്‍ ഇന്നും തീര്‍ന്നിട്ടില്ല.
ഇവിടെ ആര്‍ക്കാണ് പിഴച്ചത്?
ഇവിടെ ആര്‍ക്കാണ് തെറ്റിയത്?

ജീവിതം കെട്ടി പടുക്കുന്നതിനിടയില്‍ കുഞ്ഞിനെ നോക്കാന്‍ കഴിയാതെ പോയ അമ്മക്കോ?

അതോ അമ്മയുണ്ടായിട്ടും അമ്മയെ അറിയാന്‍ കഴിയാതെ പോയ മകനോ?

അതോ എല്ലാം കണ്ടു നിന്ന ദൈവങ്ങള്‍ക്കോ?

അറിയില്ല എല്ലാം വിധിയുടെ വിളയാട്ടം തന്നെ!!!!... "

ഇന്നുവായിച്ച ഒരു ബ്ലോഗിലെ
വാചകങ്ങളാണിവ വളരെ കുറച്ചു വാചകങ്ങളില്‍
വളരെ വലിയ ഒരു കാര്യം

പറഞ്ഞിരിക്കുന്നുജീവിതം കെട്ടിപ്പെടുക്കാനും
വലിയ സ്വപ്നങ്ങള്‍ സാധിക്കാനുമുള്ള ഓട്ടത്തിനിടയില്‍
കുട്ടികള്‍ക്കുനഷ്ടപ്പെട്ടുപോകുന്ന സ്നേഹത്തേപ്പറ്റിയും
അത് പിന്നീട് ഉണ്ടാക്കുന്നപതിസന്ധികളേയും പറ്റി
ചിന്തിപ്പിക്കുന്നബ്ലോഗ്

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ !!

Tuesday, 3 February 2009

മറയില്ലാതെ നമുക്കായി ഇതാ ഒരുവന്‍

മരിച്ചവര്‍ക്ക് അല്പസമയം ദൈവം ജീവന്‍ തിരിച്ചുകൊടുക്കുകയാണങ്കില്‍

പെട്ടിയില്‍ കിടുക്കുന്നവന്‍ ആദ്യം ചെയ്യുന്നത് തന്റെ അപഥാനങ്ങള്‍ വാഴ്‌ത്തിപ്പാടികൊണ്ട്

ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നവന്റെ മുഖത്ത് ഒരെണ്ണം കൊടുക്കുകയായിരിക്കും.

ഞാന്‍ ഇന്നുവായിച്ച ഒരു ബ്ലോഗില്‍നിന്നാണിത്

എനിക്ക് വളരെ ഇഷ്ടപ്പെട്ടു

മറയില്ലാതെ സത്യം വിളിച്ചുപറയുന്ന രചന

നാം പലപ്പോഴും ചിന്തിച്ചുപോയിട്ടുള്ള സത്യങ്ങള്‍ !!അഭിനന്ദനങ്ങള്‍

ക്രൂരതയുടെ താഴ്വര

ഇന്ന് ഞാന്‍ ഒരു കവിത വായിച്ചു
ഒരു ആധുനിക ലഘുകവിത
മനുഷ്യന്റെ ഏറ്റവും നല്ല വികാരത്തേപ്പറ്റിയാണാ കവിത

കവിതയുടെ വിഷയവും അവതരണരീതിയും
കവിയുടെ മാത്രം അവകാശവും സ്വാതന്ത്ര്യവും ആണു എന്ന് അറിയാം

എങ്കിലും ഒരു സന്ദേഹം

ഇത്രമാത്രം ക്രൂരത വേണോ?

പ്രണയത്തിന്റെ ദേവത കാമദേവന്‍ ആണെന്നാണല്ലോ ഹിന്ദുപുരാണങ്ങളില്‍ പറയുന്നത്

അദ്ദേഹം വരുമ്പോള്‍ മലരമ്പെയ്യുമെന്നും അപ്പോള്‍ പ്രകൃതിപൂത്തുലയുമെന്നുമാണല്ലോ വിശ്വാസം

അപ്പോള്‍ പിന്നെ ഒരുഅറവുശാലയില്‍ പ്രവേശിച്ച പ്രതീതി എന്തിനു ജനിപ്പിക്കുന്നു ?

ഒരുപക്ഷേ അപ്പോഴാണോ കവിത അത്യന്താധുനികമാകുന്നത് ?

ഏതായാലും ഒരു വ്യത്യസ്ഥത

അതുതന്നേ ആ കവിതയുടെ പ്രത്യേകതയും

Monday, 15 September 2008

അഭിനനന്ദിക്കുന്നു,ഒപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു

ഞാന്‍ ഇന്ന് ഒരു ബ്ലോഗുവായിച്ചു

ഒരു കൊച്ചുകഥ

11 ലൈന്‍ മാത്രമുള്ള ഒരു കഥ

ശരിക്കും വിഷമം തോന്നി

ആകഥയില്‍ അതിഗൂഢമായി

വലിയ ഒരു സങ്കടം ഒളിപ്പിച്ചുവെച്ചിരിക്കുന്നു

മനോഹരമായ രചന

അഭിനനന്ദിക്കുന്നു, ഇത്രമാത്രം തുറന്നെഴുതുന്നതിനു..................

ഒപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു

രൂപാന്തരമില്ലാതെ തന്നേ ആശ നിറവേറിക്കിട്ടുവാന്‍ !!

Monday, 19 November 2007

ഈ താളുകള്‍ ഞാന്‍ തുറന്നത് എന്തിനുവേണ്ടി?

വായനക്കിടയില്‍ മനസ്സില്‍ പതിയുന്ന
ചില ബ്ലോഗുകളേപ്പറ്റി ചിന്തിക്കുവാനാണു ഞാന്‍ ഈ പേജുകള്‍ തുറക്കുന്നത്

മനപ്പൂര്‍വ്വം
ബ്ലോഗുകളുടേയും ബ്ലോഗര്‍മാരുടേയും പേരുകള്‍
ഞാന്‍ ഒഴിവാക്കുന്നു

കാക്കക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞ് എന്നാണല്ലോ പ്രമാണം
അഭിനന്ദനങ്ങള്‍ക്കുപകരം വിമര്‍ശ്ശനം വരുമ്പോള്‍ അത്
മനസ്സാന്നിദ്ധ്യത്തോടുകൂടി ഉള്‍ക്കൊള്ളുവാന്‍
പലര്‍ക്കും സാധ്യമല്ലഎന്നതും എനിക്കറിയാം

ഒരു അഭ്യര്‍ത്ഥന മാത്രമുണ്ട്

നിങ്ങളുടെ രചനയുമായി
ഞാന്‍ അഭിപ്രായം പറയുന്ന ബ്ലോഗിനു സാമൃം ഉണ്ടെന്ന് ചിലപ്പോള്‍ തോന്നാം

പക്ഷേ അത് ശരിയാകണമെന്നില്ല
മറ്റേതെങ്കിലും ബ്ലോഗിനേ ആവാം ഞാന്‍ വിലയിരുത്തിയത്
അതുകൊണ്ട്

എന്നേപ്പറ്റി ഇങ്ങിനെ എന്തിനെഴുതി ?
എന്നൊരു ചോദ്യം ചോദിക്കുകയേ അരുത്

മറുപടി ഉണ്ടാവില്ല...